തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പുതോൽവിയെച്ചൊല്ലി സിപിഎം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരേ കടുത്ത വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ചചെയ്യാനായി രണ്ടുദിവസമായി ചേർന്ന യോഗം ഇന്നലെ സമാപിച്ചു. ആദ്യദിനത്തിനു സമാനമായി രണ്ടാംദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരേ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
വൻപരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇരുവരും എത്രയുംവേഗം പദവികൾ ഒഴിയണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പാർട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചവർ സ്ഥാനങ്ങളിൽ തുടർന്നു മുന്നോട്ടുപോയാൽ പാർട്ടി ഇനിയും ദുർബലമാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുതെന്നും സ്വയം സ്ഥാനമൊഴിയാൻ തയാറായില്ലെങ്കിൽ നേതൃത്വത്തെ തിരുത്തിക്കാൻ പാർട്ടിക്കു കരുത്തുണ്ടെന്നും ചില അംഗങ്ങൾ തുറന്നടിച്ചു.
നേതൃത്വത്തോടുള്ള ഭയംകാരണമാണ് മൂന്നാം തുടർച്ചയുണ്ടാകുമെന്നു പല ജില്ലകളിൽനിന്നും തെറ്റായ റിപ്പോർട്ടുകൾ പോയതെന്ന വിമർശനവും യോഗത്തിലുണ്ടായി.
എന്നാൽ തൃശൂർ ജില്ല നൽകിയ റിപ്പോർട്ട് കൃത്യമായിരുന്നു. അതിൽ പറഞ്ഞതുപോലെ തന്നെയാണ് ജില്ലയിലെ ഫലം വന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
അതേസമയം, ആദ്യദിനത്തിൽ ഉയർന്ന കടുത്ത വിമർശനങ്ങൾ വീണ്ടും ആവർത്തിക്കേണ്ടതില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീൻ നിർദേശിച്ചു. കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉന്നയിച്ച കടുത്ത വിമർശനങ്ങൾക്കു യോഗത്തിൽ ഔദ്യോഗിക മറുപടി ഉണ്ടായില്ല. ഈ ചർച്ചകളിലെ വിശദാംശങ്ങൾ സംസ്ഥാന കമ്മിറ്റിക്കു കൈമാറും.
ജില്ലാ കമ്മിറ്റി യോഗത്തിന്റെ തുടർച്ചയായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിലെ 17 ഏരിയ കമ്മിറ്റികളുടെ യോഗങ്ങൾ ചേരും. ഇതിൽ ജില്ലയിൽനിന്നും പുറത്തുനിന്നുമുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പങ്കെടുക്കും. ഏരിയ കമ്മിറ്റികളിലെ ചർച്ചകൾകൂടി ക്രോഡീകരിച്ചശേഷമാകും അന്തിമ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് അയയ്ക്കുക.